Sunday, November 7, 2010

ഒരു പൈങ്കിളിക്കവിത

നേരു പറഞ്ഞാല്‍
ശ്വാസം നിലയ്ക്കുന്ന നേരത്തായിരുന്നു
അവള്‍ ഉച്ച്ച്വാസമായ് വരാറുണ്ടായിരുന്നത്‌
വരണ്ട വേനലില്‍ ഉഷ്ണത്തെപ്പറ്റി ചിന്തിച്ചപ്പോള്‍
എനിക്ക് ചുറ്റും മഴയായ് പെയ്തവള്‍
എപ്പോഴൊക്കെ ഞാന്‍ നനയണമെന്നു ആശിച്ചുവോ
അപ്പോഴൊക്കെ അവള്‍ മഴയായ് വന്നു
" എന്‍റെ തോരാത്ത മഴ "
എന്‍റെ ഇരുണ്ട ഇടനാഴിയില്‍ കത്തിച്ചു വെച്ച -
നെയ്ത്തിരി ആയിരുന്നു അവള്‍
ചെറു കാറ്റടിക്കുമ്പോള്‍ നാളം ഉലയുമായിരുന്നു
എങ്കിലും അണയുകയുണ്ടായില്ല
ഒരൊറ്റ നാണയത്തിന്‍റെ  
അശോകവും ചക്രവും എന്നെ തനിച്ചാക്കിയപ്പോള്‍
ശ്വാസവും, മഴയും നെയ്ത്തിരിയും
വരാതെയും , നിലയ്ച്ചും , അണഞ്ഞും പോയ്‌
ഇന്ന്
ശ്വസിക്കാറില്ല
നനയാറില്ല
വെളിച്ചം കൊതിക്കാറുമില്ല

Thursday, November 4, 2010

കിളിയും ഞാനും മീനും നീയും

കിളിയും മീനും
എയ്യുവാനെടുത്ത അമ്പിന്റെ മുനയാരോ വളച്ചു വെച്ചു
ഇര കോര്‍ക്കാനെടുത്ത ചൂണ്ടയുടെയും
കിളിയും മീനും അപ്പോള്‍ ജീവിച്ചിരുന്നു
മത്സ്യവതാരതിന്റെയും വാല്മീകിയുടെയും
കഥ പറഞ്ഞു ആര്‍ത്തു കൊണ്ട്
ഞാനും നീയും
നനഞ്ഞ വെയിലിനെ നമ്മുടെതാണെന്നു
പറഞ്ഞു നീ പുണര്‍ന്നു
തിരിഞ്ഞു നോക്കുമ്പോളെല്ലാം
നീയെനിക്ക് മുന്‍പിലായിരുന്നു
കുന്നിന്‍ മുകളിലെത്തുമ്പോള്‍
ഒരു നിഷ്കളങ്ക ചുംബനം
തരാമെന്നും നീ പറഞ്ഞു
പക്ഷെ എനിക്കറിയാമായിരുന്നു
ഞാനും നീയും പറയുന്നതും കേള്‍ക്കുന്നതും
കള്ളമാണെന്ന്
അന്യോന്യം അറിഞ്ഞ വിഡ്ഢികള്‍
രത്നച്ചുരുക്കം 
 കഥ പറഞ്ഞു തല തല്ലിയാര്‍ത്തു കിളിയും മീനും
യാത്ര അവസാനിപ്പിച്ചത് എന്റെയും നിന്റെയും മുന്‍പില്‍
അമ്പ്‌ കൊണ്ട് ഞാനും ചൂണ്ട കൊണ്ട് നീയും
ചെകിളയും തൂവലും ചെതുമ്പലും കൊക്കും അവശേഷിപ്പുകള്‍

Tuesday, November 2, 2010

നഷ്ടങ്ങള്‍ അസ്വസ്ഥതയോടു കണക്കു പറയുന്നു

രണ്ടാമത്തേത് :
ഗര്‍ഭ പാത്രത്തിലേക്ക് ഊര്‍ന്നിറങ്ങിയ
വിത്തുകളെ , ഒട്ടുപാലിന്റെ രൂപാന്തരം
തടഞ്ഞു നിര്‍ത്തി .....
അല്ലായിരുന്നെങ്കില്‍ ?
പച്ചമുള കീറുന്ന പോലുള്ള ഒരു കരച്ചില്‍
പേറ്റു പുരയെ അസ്വസ്ഥമാക്കിയേനെ
അത് രണ്ടാമത്തെ നഷ്ടം .
ഒന്നാമതെത് :
കാതങ്ങളോളം , കുതിരക്കുളംപടിയോച്ച കേട്ട്
അഗ്നിയില്‍ എരിഞ്ഞടങ്ങി ,വിയര്‍പ്പിറ്റുമ്പോള്‍
കിതപ്പിനിടയില്‍
ആദ്യം ചോദിച്ചത്
കുഴപ്പമുണ്ടോ  ? എന്ന്
സുരക്ഷിതമെന്ന് ആര്‍ത്തവ ചക്രത്തിന്റെ
അവസാന നാളുകള്‍ പറഞ്ഞപ്പോള്‍
അത് നാല് ചുമരുകളെയും അസ്വസ്ഥമാക്കി
ആദ്യത്തെ നഷ്ടം
മൂന്നാമത്തേതും അവസാനത്തേതും :
സര്‍പ്പവേഗങ്ങളില്‍
പ്രതിരോധത്തിന്റെ ചിന്തകള്‍
വിസ്മ്രിതിയിലാണ്ടാപ്പോള്‍ ......
തലയും വാലുമായി , പാഞ്ഞു പോയ ഒന്ന്,
ചോരയും നീരും വലിച്ചെടുത്ത്
വളരുവാന്‍ തുടങ്ങി
കുളി തെറ്റി , അഞ്ചാം പക്കം
വേരറുത്തു ച്ചിദ്രം നടത്തിയപ്പോള്‍
നെഞ്ചിന്റെ അകക്കോനുകളാണ് അസ്വസ്തമായത്
അത് അവസാനത്തെ നഷ്ടം


നഷ്ടങ്ങള്‍ക്ക് ഇനിയെന്ത് അസ്വസ്തമാകുവാന്‍ .